പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്.
സീത, നീലി, സാലി, കൃഷ്ണകുചേല, റബേക്ക, കടലമ്മ, ഭാര്യ, പാലാട്ടുകോമന്‍, ജയില്‍, ഇണപ്രാവുകള്‍, ലോറാ നീ എവിടെ, അച്ഛന്‍, ലോകനീതി, ആശാദീപം, അവന്‍, അവന്‍ വരുന്നു, കിടപ്പാടം, ആത്മാര്‍പ്പണം, കളഞ്ഞുകിട്ടിയ തങ്കം, കൂടിപ്പിറപ്പ്, അച്ഛനും മകനും, രാജമല്ലി, കണ്‍മണികള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വീട്ടുമൃഗം, ബല്ലാത്ത പഹയന്‍, മിന്നല്‍ പടയാളി, അവരുണരുന്നു, സ്ത്രീഹൃദയം, കുപ്പിവള, കാത്തിരുന്ന നിക്കാഹ്, ദാഹം, മണവാട്ടി, സ്കൂള്‍ മാസ്റ്റര്‍, കളിത്തോഴന്‍, കസവുതട്ടം, ഓടയില്‍നിന്ന്, വെളുത്ത കത്രീന, ഓമനക്കുട്ടന്‍, അടിമകള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് എ എം രാജ പിന്നണി പാടി.
തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.
1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. 1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു. മക്കള്‍: രണ്ടാണും നാലുപെണ്ണും.
എ ടി ഉമ്മര്‍
A.T. Ummer
1966ല്‍ ഡോ. ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് എ ടി ഉമ്മര്‍ സിനിമയിലെത്തി. ആകാശവീഥികള്‍ എന്നുതുടങ്ങുന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചത്. മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ആലിംഗനം, അവളുടെ രാവുകള്‍, അംഗീകാരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.
1933ല്‍ മൊയ്തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. എസ്എസ്എല്‍സി വരെ പഠിച്ചശേഷം സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യഗുരു. വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാലേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. മദിരാശി മലയാള സമാജത്തിനുവേണ്ടി തയ്യാറാക്കിയ നാടകത്തില്‍ ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കി. വിവാഹിതന്‍. ഒരു മകനുണ്ട്. 2001 ഒക്ടോബര്‍ 18ന് അന്തരിച്ചു.
അഭയദേവ്
Abhaya Dev
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള. മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം.
45 മലയാള ചിത്രങ്ങള്‍ക്ക് 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. നല്ലൊരു ഹിന്ദി കവി കൂടിയായിരുന്നു. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1995ല്‍ ജെ സി ഡാനിയോല്‍ പുരസ്കാരം ലഭിച്ചു.
1913 ജൂണ്‍ 25-ാം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു. ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. ഗായകന്‍ അമ്പിളിക്കുട്ടന്‍ അഭയദേവിന്റെ കൊച്ചുമകനാണ്. 2000 ആഗസ്റ്റ് 4-ാം തീയതി അന്തരിച്ചു.
അലക്സ് പോള്‍
Alex Paul
ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സംഗീതസംവിധാനത്തിലൂടെയാണ് അലക്സ് പോള്‍ മലയാള സിനിമാരംഗത്ത് എത്തിയത്. ബ്ളാക്ക്, തൊമ്മനും മക്കളും, അച്ഛനുറങ്ങാത്ത വീട്, രാജമാണിക്യം, വാസ്തവം, ക്ളാസ്മേറ്റ്സ്, ബാബാകല്ല്യാണി, മായാവി എന്നിങ്ങനെ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു.
കലാഭവനുവേണ്ടിയും അല്ലാതെയും നിരവധി ഓഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 'മിശിഹാ ചരിത്രം' എന്ന പേരില്‍ ജീസസ്സിന്റെ ജനനം മുതല്‍ ഉയര്‍പ്പുവരെയുള്ള ചരിത്രം സംഗീതരൂപത്തിലാക്കി. കുട്ടികളുടെ സംഗീതത്തിന്റെ സിലബസ്സ് മ്യൂസിക്കല്‍ ആല്‍ബമാക്കി. ആദ്യമായി 'റ്റേക്ക് ഇറ്റ് ഈസി' എന്ന പേരില്‍ ബൈബിളിന്റെ ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങള്‍ സംഗീതരൂപത്തിലാക്കി. വിഷ്വല്‍ സാധ്യതകള്‍ പഠിക്കാന്‍വേണ്ടി സ്വന്തമായി സ്റ്റുഡിയോ ഉണ്ടാക്കി.
1964 നവംബര്‍ 21ന് എ എം പോളിന്റെയും ഫിലോമിന പോളിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബേര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ആര്‍എല്‍വി അക്കാദമിയില്‍ നിന്ന് നാലുവര്‍ഷം സംഗീതം അഭ്യസിച്ചു.
സംഗീതത്തില്‍ അച്ഛന്‍ എ എം പോളും കൊച്ചച്ചനായ ജോസ് എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മൂന്നര വയസ്സുള്ളപ്പോള്‍ ട്രിപ്പിള്‍ ഡ്രം (കോംഗോ ഡ്രം) അരങ്ങേറ്റം നടത്തി. ഓര്‍ഗന്‍, കീബോര്‍ഡ്, ഗിത്താര്‍, സിത്താര്‍, വീണ, ഡ്രംസ്, കോംഗോ ഡ്രംസ്, തബല, മാഡ്ലിന്‍ എന്നീ ഉപകരണങ്ങള്‍ക്കുപുറമെ കമ്പ്യൂട്ടര്‍ മ്യൂസിക്കും അഭ്യസിച്ചിട്ടുണ്ട്.
പതിനാറുവയസ്സുമുതല്‍ സംഗീത അദ്ധ്യാപകനായ പിതാവ് എ എം പോളിനെ സഹായിക്കുമായിരുന്നു. പതിനാറാം വയസ്സില്‍ സംഗീത അദ്ധ്യാപകനായി. ഒമ്പതര വര്‍ഷത്തോളം കലാഭവനിലും പിന്നെ ചില സിബിഎസ്സി സ്കൂളുകളില്‍ പാര്‍ട്ട് ടൈം മ്യൂസിക്ക് ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അലക്സ് പോളിന്റെ ഭാര്യ ബിജിയാണ്. മൂന്ന് കുട്ടികള്‍- അശ്വതി, ആരതി, അര്‍ജ്ജുന്‍.
അല്‍ഫോണ്‍സ് ജോസഫ്
Alphonse Joseph
ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.
1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന്‍ സഹോദരനാണ്. ഭാര്യ: രജനി. ഒരു മകന്‍. പേര് ജോസഫ്.
ബി എ ചിദംബരനാഥ്
B.A. Chidambaranath
കേശാദിപാദം തൊഴുന്നേന്‍, നിദ്രതന്‍ നീരാഴി, കരയുന്നോ പുഴ ചിരിക്കുന്നോ... തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ബി എ ചിദംബരനാഥ്. ആദ്യം സംഗീതം നല്‍കിയത് വെള്ളിനക്ഷത്രം എന്ന ചിത്രത്തിനായിരുന്നു. തിരുവിതാംകൂര്‍, കോഴിക്കോട് റോഡിയോ നിലയങ്ങളില്‍ നിലയ വിദ്വാനായി വീണ്ടും മദ്രാസിലെത്തി. 27 ചിത്രങ്ങള്‍ക്ക് ഈണം നല്‍കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു.
1926ല്‍ കന്യാകുമാരി ജില്ലയിലെ പൂതപ്പള്ളിയില്‍ ജനനം. സംഗീത സാഹിത്യകാരന്‍ ബി കെ അരുണാചലം അണ്ണവി അച്ഛനും ചെമ്പകവല്ലി അമ്മയുമാണ്. അച്ഛനില്‍നിന്ന് പാട്ടും മൃദംഗവും പഠിച്ചു. പിന്നീട് തിരുവിതാംകൂര്‍ മുത്തയ്യാ ഭാഗവതരുടെ ശിഷ്യ കുനിയൂര്‍ സീതമ്മയുടെ മൃദംഗിസ്റ്റായി. നാഗമണി മാര്‍ത്താണ്ഡനായിരുന്നു വയലിന്‍ പഠിപ്പിച്ചത്. കുംഭകോണം രാജമാണിക്യം പിള്ളയൂര്‍ സംഗീതം പഠിപ്പിച്ചു. ഭാര്യ: തുളസി. സംഗീത സംവിധായകന്‍ രാജാമണി ഉള്‍പ്പെടെ ആറു മക്കള്‍.
ബാബുരാജ്
Baburaj
പഴയ തലമുറയിലെ പ്രശസ്തനായ സംഗീതസംവിധായകനായ ബാബുരാജ് മലയാള സിനിമാ പ്രേമികളുടെ ഗൃഹാതുരമായ ഓര്‍മ്മയാണ്. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്ന ബാബുരാജ്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തെത്തിയത്. പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണ് കൂടുതല്‍ ഈണം നല്‍കിയിരിക്കുന്നത്. പി എന്‍ മേനോന്റെ 'ഓളവും തീരവും', മധുവിന്റെ 'പ്രിയ' എന്നീ ചിത്രങ്ങള്‍ ബാബുരാജിന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവായിരുന്നു.
1973ല്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. 1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു. കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും സേവനമനുഷ്ഠിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാര്‍ നാടകം, തിരക്കഥ, നോവല്‍ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.
1952ല്‍ നാരായണന്‍ ഉണ്ണിത്താന്റെ മകനായി കറ്റാനത്ത് ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകള്‍ എഴുതിയിരുന്ന ശിവകുമാര്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. രാധാമണി ഏക സഹോദരി. ഭാര്യ: ഓമനകുമാരി. മകള്‍: പാര്‍വ്വതി ശിവകുമാര്‍. 2007 ജനുവരിയില്‍ അന്തരിച്ചു.
ഭാവനാ രാധാകൃഷ്ണന്‍
Bhavana Radhakrishnan
ആകാശവാണിയില്‍ ലളിതഗാനവും ശാസ്ത്രീയസംഗീതവും അവതരിപ്പിച്ചിരുന്ന ഭാവന 1993ല്‍ ഹോണറബിള്‍ പങ്കുണ്ണിനായര്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ചിത്രം റിലീസായില്ല. 1997ല്‍ റിലീസായ കളിയാട്ടത്തിലെ എന്നോടെന്തിനീ പിണക്കം... ആണ് ആദ്യ സിനിമാഗാനം. ഇതിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ച് ചിത്രശലഭം, കാറ്റത്തൊരു പെണ്‍പൂവ്, വരവായ്, വിഗതകുമാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും പാടിയിട്ടുണ്ട്. വിളക്കുവയ്ക്കും നേരം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗ് പാടിക്കൊണ്ട് ടെലിവിഷന്‍ രംഗത്തെത്തി.
പാലക്കാട് അലനല്ലൂര്‍ തൃക്കടീരി തറവാട്ടില്‍ ജാതവേദന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകളായി 1961ല്‍ ജനിച്ചു. സഹോദരന്മാര്‍: ജയദേവന്‍, ദിലീപ്. അരനല്ലൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, മണ്ണാര്‍ക്കാട് എംഇഎസ്, കാലടി കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ച്ച് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ മ്യൂസിക്കില്‍ ബിരുദവും തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ബിരുദാനന്തബിരുദവും ഡോക്ടറേറ്റും നേടി. കൊല്ലം എസ് എന്‍ കോളേജില്‍ സംഗീതാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ആറ്റുകാലമ്മയെക്കുറിച്ച് അമ്മേ മഹാമായേ എന്ന കാസറ്റിനുവേണ്ടിയാണ് ആദ്യം പാടിയത്. ഭാവനയുടെ അധ്യപകന്‍കൂടിയായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് ഈ അവസരം നല്‍കിയത്. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍കൃഷ്ണന്‍, അനഘ.
ബിച്ചു തിരുമല
Bichu Thirumala
മൈനാഗം കടലില്‍നിന്നുയരുന്നുവോ..., ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... തുടങ്ങി അഞ്ഞൂറിലേറെ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. എം കൃഷ്ണന്‍നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്ന് എഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തുവന്നില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ഭാമ'യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൌത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍നായരുടെയും മൂത്തമകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. പിന്നണി ഗായക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List : Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films : Film Journals : Awards : Memories : Classic films : Other languages : Associations : Studios : TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install