സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
അടൂര്‍ ഭാസി
Adoor Bhasi

തിരമാല എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലഭിനയിച്ച് സിനിമയില്‍ സജീവമായ അടൂര്‍ഭാസി 1965ല്‍ ചന്ദ്രതാര നിര്‍മ്മിച്ച മുടിയനായ പുത്രനിലൂടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ ലഭിച്ചു. ഏപ്രില്‍ 18, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ഗുരുവായൂര്‍ കേശവന്‍, ചട്ടക്കാരി തുടങ്ങി ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയിലെ ഹാസ്യസമ്രാട്ടായിരുന്നു. അടൂര്‍ ഭാസി-ബഹദൂര്‍ ജോഡി ഒരുകാലത്ത് മലയാള സിനിമയിലെ തരംഗമായിരുന്നു.
മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണയും സഹനടനുള്ള അവാര്‍ഡ് ഒരുതവണയും ലഭിച്ചു. നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, മല്ലനും മാതേവനും. സിനിമാഹാസ്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് നായകനിരയില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തത് അടൂര്‍ ഭാസിയാണ്.

ഹാസ്യസമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെ നാലാമത്തെ മകന്‍. സി വി രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണ് മാതാവ്. ജനനം: 1927. യഥാര്‍ത്ഥപേര് കെ ഭാസ്ക്കരന്‍നായര്‍. തിരുവനന്തപുരം എം ജി കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തുടര്‍ന്ന് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ളോമ എടുത്തു.

ആദ്യം മധുരയിലായിരുന്നു ജോലി. തിരുവനന്തപുരം ആകാശവാണിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയില്‍ സഹപത്രാധിപരായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വര്‍ നാടക സംഘടനയായ കലാവേദിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ടി ആര്‍ സുകുമാരന്‍നായര്‍, ടി എന്‍ ഗോപിനാഥന്‍നായര്‍, ജഗതി എന്‍ കെ ആചാരി, നാഗവള്ളി ആര്‍ എസ് കുറുപ്പ്, പി കെ വിക്രമന്‍നായര്‍ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഭാസിക്ക് അഞ്ച് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരി ഓമനക്കുട്ടിയമ്മയും നടനും ആര്‍ കെ ലബോറട്ടറീസ് ഉടമയുമായിരുന്ന ചന്ദ്രാജിയും നിര്യാതരായി. രാജലക്ഷ്മിയമ്മ, പത്മനാഭന്‍നായര്‍, കൃഷ്ണന്‍നായര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. പ്രശസ്ത നടനും എഴുത്തുകാരനുമായ ബി ഹരികുമാര്‍, ഓമനക്കുട്ടിയമ്മയുടെ പുത്രനാണ്. അവിവാഹിതനായിരുന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29-ന് തീയതി അന്തരിച്ചു.
 
 
അസീസ്
Azeez

1973ല്‍ നീലക്കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിരുന്നു. സിനിമയിലും ഒട്ടേറെ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചു. കൌരവര്‍, ധ്രുവം, ലേലം, മതിലുകള്‍, വിധേയന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

കണിയാപുരത്തിനടുത്തുള്ള കുറക്കോട്ട് കാസിംപിള്ളയുടെയും നബീസയുടെയും മകനായി 1947ല്‍ ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂള്‍, നെടുമങ്ങാട് ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2003 ജൂലൈ 16ന് അന്തരിച്ചു. ഭാര്യ: സൈനാബീബി. മക്കള്‍: നസീമ, എം എം രാജ, നസീറ. സഹോദരങ്ങള്‍: റഷീദ്, ലൈജ, ജമീല.
 
 
ബാബു ആന്റണി
Babu Antony

1987ല്‍ ചിലമ്പ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ബാബു ആന്റണി വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായതെങ്കിലും പിന്നീട് നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങി. ഭരതന്‍-എം ടി ടീമിന്റ വൈശാലിയില്‍ ബാബു ആന്റണി ചെയ്ത രാജാവിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്സ്, ചന്ത, കഴകം, ട്വന്റി ട്വന്റി, കാസര്‍കോഡ് കാദര്‍ഭായി, അപരാഹ്നം, കിഴക്കന്‍ പത്രോസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളുമായി അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.

എംബിഎ ബിരുദം നേടിയ ബാബു ആന്റണി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പൂന സിംബയോസിസ് കോളേജില്‍നിന്നാണ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി പൂന യൂണിവേഴ്സിറ്റിയില്‍ വോളിബോള്‍ ടീം അംഗം. അത്ലറ്റിക്സ് ചാമ്പ്യന്‍ എന്നിവയ്ക്കുപുറമെ ബ്ളാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. നാലുവര്‍ഷം മാര്‍ഷ്യല്‍ ആര്‍ട്സ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുണ്ട്.

പൊന്‍കുന്നത്താണ് താമസം. 1964ല്‍ ടി ജെ ആന്റണിയുടെയും മറിയ ആന്റണിയുടെയും മകനായി പൊന്‍കുന്നത്ത് ജനിച്ചു. ഭാര്യ: കാതറിന്‍. ഒരു കുട്ടി. സഹോദരങ്ങള്‍: നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി, ജോസഫ് ഫിലിപ്പ്, ലീല, കുര്യാക്കോസ്,
കുഞ്ഞുമോന്‍, ജോസ്, സാലി, മിനി.
 
 
ബഹദൂര്‍
Bahadoor

ഹാസ്യനടന്റെയും സഹനടന്റെയും നായകന്റെയും വേഷംകെട്ടി അരനൂറ്റാണ്ടോളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായിരുന്ന ബഹദൂര്‍ 1954ല്‍ റിലീസ് ചെയ്ത പി സുബ്രഹ്മണ്യത്തിന്റെ 'അവകാശി'യില്‍ ഒരു ചെറിയ വേഷംചെയ്ത് ചലച്ചിത്രലോകത്ത് എത്തി.. ആകാശവാണിയിലും അമച്വര്‍-പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്. നീലാ പ്രൊഡക്ഷന്‍സിന്റെ 'പാടാത്ത പൈങ്കിളി'യിലെ ചക്കരവക്കന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യതാരം എന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേര്‍ന്ന് പൊട്ടിച്ചിരിയുടെ ഒരു യുഗംതന്നെ സൃഷ്ടിച്ചു. കച്ചവടസിനിമയില്‍ അടൂര്‍ ഭാസി-ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി.

ഉദയായുടെ നീലിസാലി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ ചിത്രങ്ങളില്‍ നായകനായി. കടല്‍പ്പാലം, വാഴ്വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, പണിതീരാത്ത വീട്, ജോക്കര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. 1970ലും '72ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും '73ലും '76ലും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 1970ല്‍ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര കമ്പനിയും തുടങ്ങി. സിന്ദൂരച്ചെപ്പ്, മരം തുടങ്ങിയ ചിത്രങ്ങള്‍ ഇതിഹാസ് പിക്ചേഴ്സ് നിര്‍മ്മിച്ചു. തിരുവനന്തപുരം കൈമനത്ത് ബ്ളാക്ക് & വൈറ്റ് പ്രോസസ്സിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും മലയാള സിനിമ അപ്പോഴേക്കും പൂര്‍ണ്ണമായി കളറിലേക്ക് മാറിയതിനാല്‍ വന്‍ നഷ്ടമായി.

1935ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ളാങ്ങാലില്‍ മൊയ്തീന്റെയും ഖദീജയുടെയും മകനായാണ് ബഹദൂര്‍ ജനിച്ചത്. പി കെ കുഞ്ഞാലു എന്നാണ് യഥാര്‍ത്ഥ പേര്. എട്ട് സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെങ്കിലും കുഞ്ഞാലുവിന്റെ മനസ്സുനിറയെ നാടകവും സിനിമയുമായിരുന്നു. അഭിനയത്തിലെന്നപോലെ പഠിത്തത്തിലും മിടുക്കനായിരുന്നു. പത്താംക്ളാസ് ഫസ്റ്റ് ക്ളാസില്‍ പാസ്സായി. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. സാമ്പത്തിക പരാധീനത കാരണം പഠനം ഉപേക്ഷിച്ച് സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി. 2000 മേയ് 22ന് അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സിദ്ദിഖ്, മുഹമ്മദ്, റൂഖിയ.
 
 
ബാലചന്ദ്രമേനോന്‍
Balachandra menon

1978ല്‍ ഉത്രാടരാത്രി എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിലെത്തിയ ബാലചന്ദ്രമേനോന്‍ കൈവെക്കാത്ത മേഖലകള്‍ കുറവാണ്. സംവിധാനം, തിരക്കഥ, കഥ, സംഭാഷണം, സംഗീതം, ഗാനരചന, ആലാപനം, അഭിനയം തുടങ്ങി സര്‍വരംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു.

1998 സമാന്തരങ്ങള്‍ എന്ന സ്വന്തം ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി. രാധ എന്ന പെണ്‍കുട്ടി, കലിക, അണിയാത്ത വളകള്‍, ഇഷ്ടമാണ് പക്ഷേ, മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, പ്രേമഗീതങ്ങള്‍, താരാട്ട്, കേള്‍ക്കാത്ത ശബ്ദം, കാര്യം നിസ്സാരം, ശേഷം കാഴ്ചയില്‍, ഏപ്രില്‍ 18, ആരാന്റെ മുല്ല കൊച്ചുമുല്ല, മണിച്ചെപ്പ് തുറന്നപ്പോള്‍, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, വിവാഹിതരേ ഇതിലേ, അച്ചുവേട്ടന്റെ വീട്, കുറുപ്പിന്റെ കണക്കുപുസ്തകം, അമ്മയാണെ സത്യം, ഏപ്രില്‍ 19 തുടങ്ങി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തായ്ക്കൊരു താലാട്ട്, ഇപ്പടിക്ക് കാതല്‍ എന്നീ തമിഴ് ചിത്രങ്ങളും ഒരുക്കി. ഉഷ, പാര്‍വ്വതി, ശോഭന, കാര്‍ത്തിക, ലിസ്സി, ആനി, നന്ദിനി തുടങ്ങിയ നായികമാരെ മലയാളത്തിന് സമ്മാനിച്ചു. വിജിതമ്പിയുടെ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്, സത്യന്‍ അന്തിക്കാടിന്റെ സസ്നേഹം, കുടുംബപുരാണം, കെ മധുവിന്റെ ജനാധിപത്യം, ഷാജി കൈലാസിന്റെ ദി ട്രൂത്ത്, സഫലം തുടങ്ങി മറ്റുസംവിധായകരുടെ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചു. മിനിസ്ക്രീനിലും ബാലചന്ദ്രമേനോന്‍ തൊട്ടതെല്ലാം പൊന്നാക്കി.
1954ല്‍ ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി അമ്പലപ്പുഴയില്‍ ജനനം. ഇടവ മുസ്ളിം ഹൈസ്കൂളിലും കൊല്ലം ഫാത്തിമാ കോളേജിലും പഠിച്ച ബാലചന്ദ്രമേനോന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ജിയോളജിയില്‍ ബിരുദം നേടി. തിരുവനന്തപുരം പ്രസ്സ്ക്ളബില്‍നിന്ന് സ്വര്‍ണ്ണമെഡലോടെ ജേര്‍ണലിസം ഡിപ്ളോമ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനായി ജോലിചെയ്തപ്പോഴാണ് സിനിമയിലെത്തിയത്. രണ്ടു സഹോദരിമാര്‍: സുഷമ, പ്രേമ. ഭാര്യ: വരദ. മക്കള്‍: വിവേക്, ഭാവന.
 
 
ബാലന്‍ കെ നായര്‍
Balan K Nair

പി എന്‍ മേനോന്റെ മാപ്പുസാക്ഷിയാണ് (1971) ആദ്യ മലയാള ചിത്രം. പരുക്കന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്ന ബാലന്‍ കെ നായര്‍ 1969ലാണ് ആദ്യമായി ക്യാമറയ്ക്കു മുമ്പില്‍ എത്തിയത്. ശങ്കര്‍ മൂര്‍ത്തിയുടെ 'സര്‍ഹദ്' എന്ന ഹിന്ദി ചിത്രത്തില്‍ ദേവാനന്ദിന്റെ ഡ്യൂപ്പായിട്ടായിരുന്നു അരങ്ങേറ്റം. എം ടി വാസുദേവന്‍ നായരുടെ പല കഥാപാത്രങ്ങളെയും അനശ്വരമാക്കാന്‍ ബാലന്‍ കെ നായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഓപ്പോളിലെ പരുക്കനായ മിലിട്ടറിക്കാരന്‍ ബാലന്‍ കെ നായര്‍ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. അഗ്നി, ചാട്ട, ലോറി, തുഷാരം, മീന്‍, കോളിളക്കം, സ്ഫോടനം, ആറാട്ട്, ഇനിയെങ്കിലും, ആര്യന്‍, അധിപന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

14- വയസ്സിലാണ് അഭിനയരംഗത്ത് എത്തുന്നത്. ആദ്യം സ്വന്തം സമിതിയിലും തുടര്‍ന്ന് മുത്തപ്പന്‍കാവ് ഗ്രൂപ്പിലും കോഴിക്കോടന്‍ നാടകവേദിയിലും പ്രവര്‍ത്തിച്ചു. സുഭാഷ് തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായി ഒരു നാടകസമിതി രൂപീകരിച്ചു.

കൊയിലാണ്ടിക്കടുത്ത് ഇടക്കുളം കരിനാട്ടുവീട്ടില്‍ കുട്ടിരാമന്‍ നായരുടെയും തേയി അമ്മയുടെയും മകനായി ബാലകൃഷ്ണന്‍ നായര്‍ എന്ന ബാലന്‍ കെ നായര്‍ 1939ല്‍ ജനിച്ചു. എട്ടാം ക്ളാസില്‍ പഠിത്തം അവസാനിപ്പിച്ചു. കുറച്ചുകാലം മോട്ടോര്‍ മെക്കാനിക്കായി ജോലിചെയ്തു. 2000 സെപ്തംബറില്‍ അന്തരിച്ചു. ഭാര്യ: ശാരദ. നടന്‍ മേഘനാഥന്‍ മകനാണ്.
 
 
ഭരത്ഗോപി
Bharath Gopi

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ ഭരത്ഗോപി അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. കൊടിയേറ്റത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് കരസ്ഥമാക്കി. തമ്പ്, യവനിക, പെരുവഴിയമ്പലം, ഓര്‍മ്മയ്ക്കായി, മര്‍മ്മരം, ആദാമിന്റെ വാരിയെല്ല്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിക്ക്, പാളങ്ങള്‍, ചിദംബരം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഹിന്ദിയില്‍ മണി കൌളിന്റെ സാത്ത് സേ ഉത്താന ആദ്മി, ഗോവിന്ദ് നിഹലാനിയുടെ ആഗത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1980ല്‍ പക്ഷാഘാതം ബാധിച്ച് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു. തുടര്‍ന്ന് സംവിധായകന്റെ വേഷമണിഞ്ഞ ഗോപി ഉത്സവപ്പിറ്റേന്ന്, യമനം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന്റെ വൈകല്യങ്ങളെ അതിജീവിച്ച് അഭിനയരംഗത്ത് സജീവമായി. വൃദ്ധന്‍മാരെ സൂക്ഷിക്കുക, പാഥേയം എന്നു തുടങ്ങി രസതന്ത്രം വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരവെയായിരുന്നു മരണം.

ചിറയിന്‍കീഴിലാണ് 1937ല്‍ വി ഗോപിനാഥന്‍നായര്‍ എന്ന ഭരത്ഗോപി ജനിച്ചത്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡയറക്ടറും പ്രശസ്ത നാടകകൃത്തുമായ ജി ശങ്കരപ്പിള്ളയാണ് ഗോപിയെ നാടകത്തില്‍ കൊണ്ടുവന്നത്. പ്രസാദ് ലിറ്റില്‍ തിയറ്റേഴ്സില്‍ പ്രധാന നടനായിരുന്നു.
 
 
ഭീമന്‍ രഘു
Bheeman Reghu

തണല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഭീമന്‍ രഘു വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ആദ്യം റിലീസായ ചിത്രം 'പിന്നെയും പൂക്കുന്ന കാട്' ആണ്. പോലീസ് എസ്ഐ ആയി 11 വര്‍ഷം ജോലി ചെയ്തിട്ടുണ്ട്.
ദാമോദരന്‍നായരുടെയും തങ്കമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ആലപ്പുഴ എസ്ഡിവി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി, എല്‍എല്‍ബി ബിരുദധാരിയാണ്. ഇന്ദിരാഗാന്ധിയുടെ പേഴ്സണല്‍ സെക്യൂരിറ്റി സ്റ്റാഫില്‍ ആറുമാസം ജോലിചെയ്തിട്ടുണ്ട്. ഭാര്യ: സുധ. മക്കള്‍: രാധിക, രഞ്ജിത്, രേവതി. ഇപ്പോള്‍ തിരുവനന്തപുരം പൌഡിക്കോണത്ത് താമസം.
 
 
ബിജുമേനോന്‍
Biju Menon

ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയാണ് ബിജുവിനെ ശ്രദ്ധേയനാക്കിയത്. മിഖായേലിന്റെ സന്തതികള്‍ പുത്രന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതില്‍ നായകനായി സിനിമയിലെത്തി. അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിജുമേനോന്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി. കണ്ണെഴുതി പൊട്ടുംതൊട്ട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കളിയാട്ടം, പത്രം, പ്രണയവര്‍ണ്ണങ്ങള്‍, കുടമാറ്റം എന്നീ ചിത്രങ്ങളിലെ ബിജുമേനോന്റെ അഭിനയം ഓര്‍മ്മിക്കത്തക്കതാണ്. മഴ, മധുരനൊമ്പരക്കാറ്റ്, പട്ടാളം, ഇവര്‍ തുടങ്ങിയവ മികച്ച ചിത്രങ്ങളായിരുന്നു. കൃഷ്ണഗുഡിയിലെ അഭിനയത്തിന് 1997ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

മഠത്തില്‍പറമ്പില്‍ പി എന്‍ ബാലകൃഷ്ണപിള്ളയുടെയും മാലതി അമ്മയുടെയും മകനായി 1970 സെപ്തംബര്‍ ഒമ്പതിന് തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും സെന്റ് തോമസ് കോളേജില്‍നിന്ന് കൊമേഴ്സില്‍ ബിരുദവും എടുത്തശേഷം ഐസിഡബ്ള്യുഎഐക്ക് ചേര്‍ന്നു. നാലു സഹോദരങ്ങള്‍: സോമന്‍, സുരേഷ്, രാജേന്ദ്രന്‍, ശ്രീകുമാര്‍. നടിയായിരുന്ന സംയുക്ത വര്‍മ്മയാണ് ഭാര്യ.
 
 
ക്യാപ്റ്റന്‍ രാജു
Captain Raju

ജോഷി സംവിധാനംചെയ്ത രക്തമാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ ചിത്രം. രതിലയം, കാബൂളിവാല, അതിരാത്രം, വാര്‍ത്ത, ആവനാഴി, വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു ഏറെയും. സീരിയല്‍ രംഗത്ത് സജീവം. ഇതാ ഒരു സ്നേഹഗാഥയിലൂടെ സംവിധായകനായി.

പത്തനംതിട്ട ഓമല്ലൂര്‍ കുര്യന്റയ്യത്ത് കെ ജി ഡാനിയലിന്റെയും അന്നമ്മയുടെയും മകനായി 1950ല്‍ ജനിച്ചു. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂളിലും ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍നിന്ന് ബിരുദം നേടി. മുംബൈയില്‍ ആര്‍മിയില്‍ ഓഫീസറായി ജോലിചെയ്യുന്ന സമയത്ത് അമച്വര്‍ നാടകങ്ങളുമായി ബന്ധപ്പെട്ടു. 1978ല്‍ ജോലി രാജിവച്ച് മുഴുവന്‍സമയവും നാടകസമിതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഭാര്യ: പ്രമീള. മകന്‍ രവി.
 
 
80 records found. Page 1 of 8
Jump to Page:
1
2
3
4
5
6
7
8
 
 
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India